എംജിയുടെ ZS ഇലക്ട്രിക്ക് പുറത്തിറക്കി; ആദ്യ വാഹനം സര്‍ക്കാരിന്
എംജി മോട്ടോഴ്സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് മോഡലായ ZS ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു. ZS ഇലക്ട്രിക്കിന്റെ ആദ്യ വാഹനം സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന് (EESL) കൈമാറി. ഡിസംബര്‍ 21-നാണ് ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് തുറന്നത്. എന്നാല്‍, ഒരുമാസം പിന്നിടുന്നതിന് മുമ്പ് ബുക്കിങ്ങ് 2800 കടന്നതോടെ ജനുവരി 17-ന് ബുക്കിങ്ങ് ക്ലോസ് ചെയ്യുകയായിരുന്നു.
340 കിലോമീറ്റര്‍ റേഞ്ചാണ് എംജി ZS ഇലക്ട്രിക് ഉറപ്പുനല്‍കുന്നത്. 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. 44.5 കിലോവാട്ടാണ് ബാറ്ററി. 19.88 ലക്ഷം രൂപ മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.