കരിപ്പൂര്‍ വിമാനാപകടം; പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വന്ദേഭാരത് മിഷന് വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തില്‍ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.