‘എന്‍ഐഎ ഓഫീസില്‍ നിന്നിറങ്ങുന്നത് രാജിവെച്ചാകണം’; ഇനിയും നാണം കെടാന്‍ നില്‍ക്കരുതെന്ന് ചെന്നിത്തല
മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. എന്‍ഐഎ ഓഫീസില്‍ നിന്ന് രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ വിഷയമാണ്. ഇനിയും നാണം കെടാനായി ജലീല്‍ നില്‍ക്കരുത്. ജലീല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുതയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമാനമായ സംഭവം സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അഴിമതിക്കാരേയും സംരക്ഷിക്കാനുള്ള നിലയാണ്. അത് കേരളത്തിന് നാണക്കേടാണ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.