കെ.എസ്.ആര്.ടി.സി സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ സര്‍വ്വീസ് ഇനി സ്വിഫ്റ്റ് ടെര്‍മിനലില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.യുടെ തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ സര്‍വ്വീസ് ഇനി ആനയറയിലെ സ്വിഫ്റ്റ് സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്ന് ആരംഭിക്കും. തിരുവനന്തപുരം സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിച്ചു.
കേരളത്തിലെ തന്നെ ആദ്യത്തെ ശീതികരിച്ച ബസ് ടെര്‍മിനലാണ് ഇത്. പൂര്‍ണ്ണമായും സജ്ജമാകുന്നതോടെ ഇവിടെ യാത്രക്കാര്‍ക്കുള്ള ആധുനിക നിലവാരത്തിലുള്ള റസ്റ്റ് റൂമുകള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവയും ഉണ്ടാകും. ടെര്‍മിനലിനോടൊപ്പം സഞ്ചാരികള്‍ക്കായി ബോട്ട് ജെട്ടിയും വിഭാവനം ചെയ്തിരിക്കുന്നത് വഴി വേളിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കും.
ആനയറയില്‍ നിന്ന് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനയറയിലെ സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിലേക്കും തിരിച്ചും ഫീഡര്‍ ബസ് സര്‍വ്വീസുകളും ക്രമീകരിക്കും.