ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് : എല്‍എസിയില്‍ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായി
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണയായി. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം നടത്തുക. ഇതിനുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്. ഇന്ത്യയും ചൈനയും ഇതുസംബന്ധിച്ചുള്ള കാര്യങ്ങളില്‍ ധാരണയിലെത്തിയത് നവംബര്‍ ആറിന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്സ് കമാന്‍ഡര്‍ ചര്‍ച്ചയിലാണ്. ചര്‍ച്ചയില്‍, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ ഘായ് എന്നിവരാണ് പങ്കെടുത്തത്.
ചര്‍ച്ചയനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ അതിര്‍ത്തിയിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തില് ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുണ്ട്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുനിന്നും രണ്ടാം ഘട്ടത്തിലായിരിക്കും സേന പിന്‍വാങ്ങുക.
ധാരണപ്രകാരം മൂന്നുദിവസംകൊണ്ട് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിന്വലിക്കേണ്ടതായുണ്ട്. മൂന്നാമത്തെ ഘട്ടത്തിലായിരിക്കും പാംഗോങ് തടാകത്തിലെ തെക്കന്‍ തീരമുള്‍പ്പെടുന്ന ചുഷൂല്‍, റെസാങ് ലാ പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്മാറുക.