ലഡാക്കില്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികന് ഇന്ത്യന്‍ സേനയുടെ പിടിയില്‍
ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിലെ സുരക്ഷാ സേന പിടികൂടി. ലഡാക്കില്‍ ചുമാര്‍-ദെംചോക് മേഖലയിലാണ് സൈനികന് പിടിയിലായത്. ഇയാള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൈനികമായ ചില രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സൈന്യം പറഞ്ഞു. ഇയാളെ പ്രോട്ടോകോള്‍ പ്രകാരം പിന്നീട് തിരികെ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി സംഘര്‍ഷം പുകയുന്നതിനിടെയാണ് പുതിയ സംഭവവികാസം. കഴിഞ്ഞ മേയ് മാസം മുതല്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ വാലി സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 20ഓളം സൈനികരെയാണ് നഷ്ടമായത്. ചൈനയ്ക്കും വലിയ ആള്‍നാശം തന്നെ സംഭവിച്ചു. സെപ്തംബര്‍ മാസത്തില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. പിന്നീട് ഇരു രാജ്യത്തെ സൈനികരും പാങ്ഗോംഗ് ത്സോയില്‍ നേര്‍ക്കുനേര്‍ വന്നതും വലിയ സംഘര്‍ഷസാദ്ധ്യത ഉയര്‍ന്നിരുന്നു.
ഇരു രാജ്യത്തെയും ഉദ്യോഗസ്ഥ, സൈനിക വിഭാഗങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും ചൈന അതിര്‍ത്തിയിലെ തല്‍സ്ഥിതി പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.