വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിങ്സില്‍ 419 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 100 റണ്‍സിന് ചുരുട്ടിക്കെട്ടി. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 343 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.സ്കോര്‍: ഇന്ത്യ -297, 343/7 ഡിക്ലയേഡ്. വെസ്റ്റിന്‍ഡീസ് -222,100.
എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ ബുംറയുടെ മാരക ബൗളിങ്ങിന് മുന്നിലാണ് വെസ്റ്റിന്‍ഡീസ് തകര്‍ന്നത്. ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. പതിനൊന്നാമത് ടെസ്റ്റ് കളിക്കുന്ന ബുംറ അതിവേഗം 50 വിക്കറ്റ് തികയ്ക്കുന്ന താരമായി.
കെമര്‍ റോച്ച് (38), മിഗ്വേല്‍ കമ്മിന്‍സ് (പുറത്താകാതെ 19), റോസ്റ്റണ്‍ ചേസ് (12) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ മൂന്നക്കം കണ്ടത്. റോച്ചും കമ്മിന്‍സും ചേര്‍ന്ന് അവസാന വിക്കറ്റില്‍ നേടിയ 50 റണ്‍സാണ് വിന്‍ഡീസിനെ 100ല്‍ എത്തിച്ചത്.
നേരത്തെ, അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി (102) മികവിലാണ് ഇന്ത്യ 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തത്. ഹനുമ വിഹാരി 92 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 51 റണ്‍സുമെടുത്തു.