അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിര്‍ണായക ചര്‍ച്ച വൈകിട്ട് ആറിന് നടക്കുന്നത്. മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും ഇന്നലെ റഷ്യ നല്കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയില്‍ ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ മാത്രം ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. ജനുവരി മുതല്‍ ഘട്ടം ഘട്ടമായി നടത്തിയ കമാന്റര്‍തല ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകളെല്ലാം നടത്തിയത് വിദേശകാര്യമന്ത്രാലയമായിരുന്നു. എന്നാല്‍ പലതവണ ചൈനീസ് സൈന്യം അനധികൃതമായി അതിര്‍ത്തികടക്കാന്‍ ശ്രമിച്ചതിനൊന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നുവെന്നാണ് ഇപ്പോഴും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചുഷൂലില്‍ ആറായിരത്തില്‍പ്പരം സൈനികരെ ചൈന അധികമായി വിന്യസിച്ചു. ഫിംഗര്‍ ഫോറില്‍ ഇന്ത്യ- ചൈന സേനകള്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ നില്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.