കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് തരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വിലകൂടാന്‍ കാരണമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ കോവിഡ് മരുന്നുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയതാക്കുമെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു.
അതേസമയം കോവിഡ് ചികിത്സയ്ക്കുവേണ്ട 23 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. വാക്സിന് ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ ഇന്പുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ധനമന്ത്രി രംഗത്തെത്തിയത്. രാജ്യത്ത് റെഡ് ക്രോസ് ഇറക്കുമതി ചെയ്യുന്ന എല്ലാ കോവിഡ് ദുരിതാശ്വാസ വസ്തുക്കളിലും ഇന്റഗ്രേറ്റഡ് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.