ദൃശ്യം 2 ഒരുങ്ങുന്നു; ആദ്യ ഷെഡ്യുള്‍ കൊച്ചിയില്‍ ആരംഭിക്കും
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. 17ന് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പർക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങും. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന് ചെയ്തായിരിക്കും ചിത്രീകരണം.
ടീം അംഗങ്ങളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവന്‍ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേര്‍തിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂള്‍. അഭിനേതാക്കള്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങള്‍ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക.
പുതിയ ചിത്രങ്ങളുടെ റജിസ്ട്രേഷന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം തുടരുകയാണ്.