ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ധോണി പുറത്ത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍നിന്ന് മുന്‍ കാപ്റ്റന്‍ എം.എസ്. ധോണി പുറത്തായി. കഴിഞ്ഞ വര്‍ഷം അഞ്ച് കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ ഗ്രേഡിലായിരുന്നു ധോണി.
2014 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ശേഷം ഏകദിനത്തിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.
ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയുള്ള കരാര്‍ പട്ടികയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
എ ഗ്രേഡില്‍ ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത്-വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദാര്‍ ജാദവ്, നവദീപ് സയ്ന, ദീപക് ചാഹര്ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടി.
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ പുതിയ കരാര്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കി വിട്ടുനില്‍ക്കുകയാണ് ധോണി ഇപ്പോള്‍. ധോണിക്ക് പുറമേ ദിനേശ് കാര്‍ത്തിക്, ഖലീല്‍ അഹമ്മദ്, അമ്ബാട്ടി റായിഡു എന്നിവരും കരാറില്‍ നിന്ന് പുറത്തായിട്ടുണ്ട്.