ശിവശങ്കറിനെതിരെ നിയമോപദേശം തേടി കസ്റ്റംസ്, ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ് നിയമോപദേശം തേടിയതായി സൂചന. കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.
ശിവശങ്കര്‍ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. കഴിഞ്ഞ ദിവസം അദ്ദേഹത്തെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണ എജന്‍സികള്‍ പറഞ്ഞിരുന്നത്.
പുതിയ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും വച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനു ഇപ്പോള്‍ വിധേയനാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ വാട്സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായി. സ്വപ്നയുടെ പണമിടപാടുകള്‍, ലോക്കര്‍ എടുത്തു നല്‍കാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം ആരാഞ്ഞു.