സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെമുന്നറിയിപ്പ് . ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അടുത്ത ആഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള നിക്കോബാര്‍ ദ്വീപുകളിലും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നും രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് മെയ് 26ന് രാവിലെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല.അതേ സമയം ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഉണ്ടാകാനാണ് സാധ്യത. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.