കൂറുമാറിയവരെ ഉൾപ്പെടുത്തി കർണാടകയിൽ ഇന്ന് മന്ത്രിസഭ വികസനം
ബെംഗളൂരു: കര്‍ണാടകയിൽ യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും. പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ഉണ്ടായതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിച്ച മഹേഷ് കുമത്തള്ളിക്കു മാത്രമാണ് മന്ത്രിസ്ഥാനം ലഭിക്കാതെ ഉള്ളത്. ഇദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും തീര്‍ച്ചയായും അദ്ദേഹത്തിന് സുപ്രധാനമായ സ്ഥാനംതന്നെ നല്‍കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. കൂറുമാറിയ 10 പേരെ കൂടാതെ ബിജെപിയിൽ നേരത്തെ ഉള്ള 6 പേരും മന്ത്രിമാരായി ചുമതലയേൽക്കും എന്നാണ് റിപ്പോർട്ടുകൾ.