Friday, January 22, 2021
 
 
News Entertainment

ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണം; സർവകക്ഷി യോഗം

the indian state Admin
11 September 2020 12:24 PM

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്ന   സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാനും ധാരണയായി.


 
പതിന്നാലാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസം നടക്കാനുള്ള സാധ്യതയാണുള്ളത്. 2011ലും 2016ലും ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുവെച്ച് കണക്കാക്കിയാല്‍ 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരാനാണ്  സാധ്യത.
 
2020 നവംബറില്‍ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടന്നാല്‍ മൂന്ന് പൂര്‍ണ്ണ മാസങ്ങള്‍ (ഡിസംബര്‍, ജനുവരി, ഫെബ്രുവരി) മാത്രമേ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവര്‍ത്തിക്കാനായി ലഭിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ചെലവും മറ്റ് ബാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സമയം തുലോം തുച്ഛമാണ്.
 
മൂന്നു മൂന്നര മാസത്തേക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാ അംഗത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും കാഴ്ചവയ്ക്കാന്‍ സമയമുണ്ടാകില്ല. ജനപ്രാതിനിധ്യ നിയമം 1951 ന്‍റെ വകുപ്പ് 151എ പറയുന്നത്, ഒഴിവുണ്ടായി ആറുമാസത്തിനുള്ളില്‍ നികത്തണം എന്നാണ്. കുട്ടനാട് മണ്ഡലത്തില്‍ ബഹുമാനപ്പെട്ട തോമസ് ചാണ്ടിയുടെ മരണംമൂലം ഒഴിവുണ്ടായത് 2019 ഡിസംബര്‍ 20 നാണ്. ചവറ മണ്ഡലത്തില്‍ ഒഴിവുണ്ടായത് 2020 മാര്‍ച്ച് എട്ടിനും. കുട്ടനാട് മണ്ഡലത്തില്‍ ഒഴിവുണ്ടായി ആറുമാസം കഴിഞ്ഞിരിക്കുന്നു.
 
ഇതിനോടൊപ്പം കോവിഡ് 19ന്‍റെ വ്യാപനം നമ്മെ അലട്ടുന്ന വലിയ  പ്രശ്നമായി തുടരുന്നു.  സര്‍ക്കാര്‍ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കേവലം മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിയമസഭാംഗത്തെ തെരഞ്ഞെടുക്കാന്‍  ഈ പ്രത്യേക ഘട്ടത്തില്‍ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെച്ചത്.
 
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ നടത്തേണ്ട ആവശ്യമില്ല എന്നും ഏതാണ്ട് ആറുമാസത്തിനിടയില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടൊപ്പം  ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഐകകണ്ഠ്യേന ആവശ്യപ്പെടുന്നത് ഉചിതമാകും എന്ന അഭിപ്രായം യോഗത്തില്‍ അവതരിപ്പിച്ചു.  കാലാവധിയിലെ പരിമിതി മുതല്‍ കോവിഡ് സാഹചര്യം വരെ യുക്തിസഹമായ കാര്യങ്ങള്‍ ഈ ആവശ്യത്തിന് അടിസ്ഥാനമാണ്. ഇതുകണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇവയുടെ കാലാവധിയാകട്ടെ അടുത്ത അഞ്ചുവര്‍ഷ കാലയളവാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. രണ്ടും തമ്മില്‍ കാതലായ വ്യത്യാസം ഉണ്ട്. അഞ്ചുവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാ ചുമതല നിറവേറ്റുന്നതും മൂന്നുമാസത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക എന്നതും താരതമ്യമുള്ളതല്ല.


 
2020 ജൂലൈ മാസത്തില്‍ ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ ശരാശരി 618 ആയിരുന്നെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ ഇത് 1672 ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ 9 വരെ 2281 ആയി. ഇന്നലെ 3349 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 
കോവിഡ് വ്യാപനം മുഖ്യ പ്രശ്നമായി നിലനില്‍ക്കുകയാണ്. നമ്മുടെ മുന്നിലെ വലിയ വെല്ലുവിളിയാണത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും കോവിഡ് സാഹചര്യം ബാധകമല്ലേ എന്ന സംശയം ചിലര്‍ക്കുണ്ടാവും. അത് ന്യായവുമാണ്. എന്നാല്‍,  മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പ്. എങ്കിലും പരിമിതിക്കുള്ളില്‍  നിന്നുകൊണ്ട് ഇതിന്‍റെ തീയതിയില്‍  അല്‍പ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243 യു  എന്നിവ പ്രകാരമുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബാധ്യത. അതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടുപോകുന്നത് അസാധ്യമായിരിക്കും.
 
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ്  നടത്തുന്നതിനെക്കുറിച്ച് പലകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രയാസവും അവര്‍ ചൂണ്ടിക്കാണിച്ചു. അത് അംഗീകരിച്ചുകൊണ്ടാണ്  തെരഞ്ഞെടുപ്പ്  താല്‍ക്കാലികമായി മറ്റിവെക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനെ അറിയിക്കാന്‍ ധാരണയായത്. എന്നാല്‍ അനന്തമായി തെരഞ്ഞെടുപ്പ് നീക്കിവെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. യോഗത്തില്‍ വന്ന പൊതു അഭിപ്രായവും അതാണ്. 
 
തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലാണ്. എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധ്യമായ സമയം ലഭിക്കാത്ത കാലാവധിക്കായി, വിശേഷിച്ച് മൂന്നു മൂന്നരമാസക്കാലത്തേക്കായി ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കലാവും. അതിനപ്പുറം ജനപ്രാതിനിധ്യത്തിന്‍റെ അന്തഃസ്സത്തയ്ക്ക് നിരക്കാത്തതുമാവും. ഇതെല്ലാം പരിഗണിച്ചുള്ള അഭിപ്രായ സമന്വയമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടായത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration