ബന്ദിപ്പൂർ ഗതാഗത നിയന്ത്രണം കേന്ദ്രത്തെ ധരിപ്പിച്ചു, വിഷയം പഠിക്കാൻ വിദഗ്ധ സമിതി: മുഖ്യമന്ത്രി
ന്യൂഡൽഹി : ബന്ദിപ്പൂർ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കേന്ദ്രമന്ത്രിമാരെ കാര്യങ്ങൾ ധരിപ്പിച്ചതായി മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രിയാത്രാ നിരോധനം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. സമിതിയുടെ നിർദ്ദേശങ്ങൾ കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുള്ള വാഹന ഗതാഗത നിരോധനം പൂർണ നിരോധനമാക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ പ്രതിഷേധം ഉയരുകയാണ്. പകരം നിർദ്ദേശിച്ച തോൽപ്പെട്ടി‐നാഗർഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കാനുള്ള നിർദ്ദേശമുണ്ട്. എന്നാൽ ഇതിന് 40 കിലോമീറ്റർ അധികദൂരം വേണ്ടിവരും. ഈ പാതയും കടന്നുപോകുന്നത് വനത്തിലൂടെയാണ്. ഇത് പിന്നീട് പ്രശ്നങ്ങൾക്കിടയാക്കും. തുടർന്ന് ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകർ ഉറപ്പുതന്നതായി മുഖ്യമന്ത്രി പറഞ്ഞു.