നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കിയില്ല
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി വിചാരണക്കോടതി തള്ളി. പ്രധാന സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ദിലിപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. മകള്‍ വഴി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് നടി മഞ്ജു വാര്യരും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിന്‍ലാലിനെ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളുണ്ടെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നുണ്ട്. കേസില്‍ നിലവില്‍ ദിലീപ് എട്ടാം പ്രതിയാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.