സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയ ആളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തു; നടന്നു വീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് നടന്ന് വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. നഗരൂര്‍ കടവിള സ്വദേശി സുനില്‍കുമാര്‍ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.
പഴക്കടയില്‍ നിന്ന് പഴം വാങ്ങുന്ന സമയത്താണ് സുനില്‍കുമാര്‍ പൊലീസിന്റെ മുന്നിലകപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ 500 രൂപ പിഴയിട്ടു. എന്നാല്‍, പിഴ അടയ്ക്കാന്‍ പണമില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇയാളുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തത്. ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ കാല്‍നടയായി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍, രാവിലെ എട്ടരയോടെ പൊലീസ് തിരിച്ചയച്ചയാള്‍ വീട്ടിലെത്തി ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.