സംസ്ഥാന ശാസ്ത്രോത്സവം സമാപിച്ചു; 1548 പോയിന്റുമായി മലപ്പുറം ഒന്നാമത്
നാല് ദിവസങ്ങളിലായി നീണ്ടു നിന്ന സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവം സമാപിച്ചു. 1548 പോയന്റുകളുമായി മലപ്പുറം ജില്ല ഓവറോൾ കരസ്ഥമാക്കി. 1487 പോയന്റുകള്‍ നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനവും, തുല്ല്യ പോയിന്റുകൾ കരസ്ഥമാക്കിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. റാങ്കുകളുടെ കരസ്ഥമാക്കിയതിന്റെ അടിസ്ഥാനത്തിൽ ഒരു റാങ്ക് വ്യത്യാസത്തിലാണ് കണ്ണൂരിന് രണ്ടാം സ്ഥാനം നഷ്ടമായത്. പാലക്കാടിന് 17 ഫസ്റ്റ് റാങ്കുകളും, കണ്ണൂരിന് 16 ഫസ്റ്റ് റാങ്കുകളുമാണ് നേടാൻ സാധിച്ചത്. സ്കൂളുകളിൽ 164 പോയിന്റുമായി വയനാട് സേക്രഡ്ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക ഒന്നാം സ്ഥാനം നേടി. 140 പോയിന്റുമായി കാസർഗോഡ് ദുർഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും, 135 പോയിന്റുമായി ഇടുക്കി എഫ്.എം.ജി എച്ച്.എസ്.എസ് കൂമ്പൻപാറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാലക്കാട് ജില്ലയിലെ 7 സ്കൂളുകളിലായി നടന്ന ശാസ്ത്രോത്സവത്തിൽ 6,756 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഭാരത് മാത എച്ച്.എസ്.എസ്, ബിഗ് ബസാർ എച്ച്.എസ്.എസ്, എം.ഇ.എസ് എച്ച്.എസ്.എസ്,കാണിക്കമാതാ എച്ച്.എസ്.എസ്, ഗവ.മോയൻസ് എച്ച്.എസ്.എസ്, ബി.ഇ.എം എച്ച്.എസ്.എസ്, സെന്റ് സെബാസ്റ്റ്യൻ എന്നീ സ്‌കൂളുകളിലും ചെറിയ കോട്ട മൈതാനത്തുമായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
ഗവ.മോയൻസ് എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ
എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അബൂബക്കർ, എ.ഡി.പി.ഐ സി.എ സന്തോഷ്, എ.ഡി.പി.ഐ ആർ.എസ് ഷിബു ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുള്ള, പൊതു വിദ്യാഭ്യാസ വകുപ്പ് ചീഫ് പ്ലാനിങ് ഓഫീസർ ദീപാ മാർട്ടിൻ, പാലക്കാട് ഡി.ഡി.ഇ സലീന ബീവി, ഡി.ഇ.ഒ ആസിഫ് അലിയാർ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിജു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

