വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും റാലികളും നടത്തുന്നതിന് പൊലീസിൽ നിന്നും വരണാധികാരിയിൽ നിന്നും മുൻകൂര്‍ അനുമതി വാങ്ങുന്നത് നിർബന്ധമാണെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ നിർദേശം നൽകിയത്. മാതൃകാ പെരുമാറ്റചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
അമ്പലങ്ങൾ, പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണം നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വ്യക്തിപരമായ ആക്ഷേപങ്ങൾ, വിദ്വേഷ പ്രസംഗം, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എന്നിവ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഔദ്യോഗിക വാഹനങ്ങള്‍, ജീവനക്കാര്‍, കെട്ടിടങ്ങള്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ലൗഡ് സ്പീക്കറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല.
വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ് പ്രചാരണം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയും കർശനമായി പാലിക്കണം.
വോട്ടെടുപ്പ് ദിവസം നഗരസഭാ പരിധിയിൽ പോളിങ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്ററിന് പുറത്തും ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇരുനൂറ് മീറ്ററിന് പുറത്തും മാത്രമേ പാർട്ടി ബൂത്തുകൾ പാടുള്ളൂ. ഏജന്റുമാരുടെ ബാഡ്ജിൽ പാർട്ടി പേരോ ചിഹ്നമോ പാടില്ല. വോട്ടർമാർക്ക് വാഹനം നൽകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താൻ വോട്ടർ ഐ.ഡി. കാർഡ് ആണ് വേണ്ട പ്രധാന രേഖ. വോട്ടർ ഐ.ഡി. കാർഡ് ഇല്ലാത്തവർക്ക് കമ്മീഷൻ അംഗീകരിച്ചതും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ അനുവദിച്ചതുമായ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ ഹാജരാക്കാവുന്നതാണ്.
ക്രമസമാധാന പാലനത്തിനായി പൊലീസിനെയും മറ്റ് സേനകളെയും ആവശ്യാനുസരണം വിന്യസിക്കും. പ്രശ്‌നബാധിത/ സെൻസിറ്റീവ് സ്റ്റേഷനുകളിൽ അധിക സുരക്ഷയും വെബ്കാസ്റ്റിങ്/ വീഡിയോഗ്രാഫി സംവിധാനങ്ങളും ഉണ്ടാകും. നിയമ ലംഘനങ്ങൾ, അനധികൃത പണം/ മദ്യം/ സൗജന്യ വിതരണം എന്നിവ നിരീക്ഷിക്കുന്നതിനായി ഫ്ലയിങ് സ്ക്വാഡുകൾ ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രചാരണത്തിന് ഹരിതചട്ടം പാലിക്കണം
പ്രചാരണത്തിന് ഹരിത ചട്ടപ്രകാരം സർക്കാർ അംഗീകരിച്ചിട്ടുള്ള പരസ്യസാധനങ്ങളും സാമഗ്രികളും മാർഗ്ഗങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറും ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്ററുമായ ജി. വരുൺ യോഗത്തില്‍ അറിയിച്ചു. പുനഃചംക്രമണം സാധ്യമല്ലാത്ത, പ്ലാസ്റ്റിക് അംശമുള്ള സാമഗ്രികള്‍ ബോർഡുകൾ/ ബാനറുകൾ/ ഹോർഡിങ്ങുകൾ/ പോസ്റ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ഉപയോഗിക്കരുത്. കൊടിതോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്/ പിവിസി വിമുക്തമാക്കണം. പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ഹോർഡിങ്സുകൾ എത്രയും വേഗം നീക്കം ചെയ്യണം. പോളിഎത്തിലീൻ ഷീറ്റുകളിൽ പി.സി.ബി. അംഗീകൃത ക്യൂആർ കോഡ്, പി.വി.സി. റീസൈക്ലബിൾ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടാകണം. തിരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ, പുന:ചക്രമണം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ, പ്രചാരണങ്ങൾ, റോഡ് ഷോകൾ, യോഗങ്ങൾ, റാലികൾ, സമ്മേളനങ്ങൾ തുടങ്ങിയ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരിപാടികളിലും തെർമോകോൾ, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ തുടങ്ങിയ നിരോധിത ഡിസ്പോസബിൾ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മാതൃകാപെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ (എൽ.എ – എൻ.എച്ച്) ജോസഫ് സ്റ്റീഫൻ റോബി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

