തെരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ഇടുക്കി കളക്ടർ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപെരുമാറ്റച്ചട്ടത്തിൻ്റെ ഏതെങ്കിലും വിധമുള്ള ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. പരാതി ലഭിച്ചാൽ സത്വരമായി നടപടിയെടുക്കണമെന്നും കളക്ടർ നിർദേശിച്ചു.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും, പൂർവ്വകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കന്മാരുടേയും പ്രവർത്തകരുടേയും പൊതുപ്രവർത്തനവുമായി സ്വകാര്യജീവിതത്തിൻ്റെ വിവിധവശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്.
അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ വോട്ട് തേടാൻ പാടില്ല. മോസ്ക്കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചരണത്തിനും ഹരിത പെരുമാറ്റ ചട്ടം (ഗ്രീൻ പ്രോട്ടോക്കോൾ) അനുസരിച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുന:ചംക്രമണം ചെയ്യുന്ന വസ്തുക്കളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച് നിലവിലുള്ളതും കാലാകാലങ്ങളിൽ ഉണ്ടാകുന്നതുമായ നിയമങ്ങളും കോടതി ഉത്തരവുകളും സർക്കാർ/മറ്റ്അധികാരസ്ഥാനങ്ങൾ പുറപ്പെടുവിക്കുന്ന പാലിക്കേണ്ടതാണ്. ഉത്തരവുകളും/മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ mcclsgdidk2025@gmail.com എന്ന ഇ-മെയിലിൽ അറിയിക്കാം.
യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, പി. ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ പ്രമോദ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, അഡീഷണൽ എസ്പി ഇമ്മാനുവൽ പോൾ എന്നിവർ പങ്കെടുത്തു.

