കുഞ്ഞിമംഗലം പുതിയ പുഴക്കര ചേനോളിമിൽ റോഡ് നാടിന് സമർപ്പിച്ചു
കുഞ്ഞിമംഗലം പഞ്ചായത്തിലെ പുതിയ പുഴക്കര ചേനോളിമിൽ റോഡ് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു.
സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 65.10 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. 698 മീറ്റർ ദൈർഘ്യമുള്ള റോഡ് ഇരുഭാഗവും വീതി കൂട്ടി നാല് മീറ്റർ വീതിയിൽ ഉപരിതലം ടാറിങ്ങ് ചെയ്തിട്ടുണ്ട്. ഇരുഭാഗത്തും ബേം കോൺക്രീറ്റ് ചെയ്തും വെള്ളക്കെട്ട് ഒഴിവാക്കാനായി സൈഡ് ഡ്രയിൻ നൽകിയിട്ടുമുണ്ട്. റോഡ് സംരക്ഷണത്തിനായി ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം.വി ബിജു നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു.

