ചീർപ്പിങ്ങൽ ന്യൂ-കട്ട് പാലം നിർമാണോദ്ഘാടനം നിർവഹിച്ചു
പാലത്തിങ്ങൽ ചീർപ്പിങ്ങൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
മലപ്പുറം – പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.
92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭാഗത്തും 170 മീറ്റർ നീളത്തിലുള്ള അപ്പ്രോച്ച് റോഡും പദ്ധതിയിലുണ്ട്. പി.ഡബ്ല്യു.ഡി പാലങ്ങൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ ചാലിൽ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.
ന്യൂ കട്ട് പഴയ പാലം പരിസരത്ത് നടന്ന ചടങ്ങിൽ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ കെ.പി.എ. മജീദ് അധ്യക്ഷനായി. ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽഹമീദ്, വൈസ് ചെയർപേഴ്സൺ ബി.പി. ഷാഹിദ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

