കുണ്ടേരി ആലുങ്ങൽ അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു
ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം കുണ്ടേരി ആലുങ്ങൽ അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ ചടങ്ങിൽ അധ്യക്ഷനായി.
മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ മാനസിക വളർച്ചയുടെ ആദ്യപടിയാണ് അംഗൻവാടികൾ എന്നും സംയോജിത ശിശു വികസന പദ്ധതിയിലൂടെ സംസ്ഥാനത്തെ അംഗൻവാടികളെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സമഗ്ര വളർച്ച കൈവരിക്കുന്നതിന് ശാസ്ത്രീയമായ പങ്കുവഹിക്കാൻ അംഗൻവാടികൾക്ക് കഴിയുന്നു. അവരുടെ പരിശീലന കളരിയായാണ് ഇവ മാറുന്നത്. കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് കുഞ്ഞൂസ് കാർഡ് പദ്ധതിയും ഭക്ഷണം മെനു പരിഷ്കരണവും നടപ്പിലാക്കി ശിശു കേന്ദ്രീകൃതമായി ഓരോ സ്ഥാപനത്തെയും മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രദേശവാസിയായ ചേലോട്ടു മൂസ ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപയും പഞ്ചായത്തിന്റെ ഫണ്ടിൽ മൂന്നുലക്ഷം രൂപയും ഉപയോഗിച്ചാണ് സ്മാർട്ട് അംഗൻവാടി കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ മൂസ ഹാജിയുടെ കുടുംബത്തിന് മന്ത്രി ഉപഹാരം സമർപ്പിച്ചു. തുടർന്ന് കുട്ടികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികൾ നടന്നു.
അംഗൻവാടി പരിസരത്ത് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഫജർ കുണ്ടലക്കാടൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, സ്ഥിരം സമിതി അംഗങ്ങളായ കെ.വി. മുരളീധരൻ, കെ.ടി. ഖമറുന്നീസ, ആഷിഖ് പുത്തുപ്പാടം, വാർഡ് അംഗം പി.വി. സുനിൽ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, ഐസിഡിഎസ് സൂപ്പർവൈസർ എ. റുബീന, തൊഴിലുറപ്പ് പദ്ധതി എ.ഇ. രാജേഷ്, രക്ഷാധികാരി പ്രൊഫ. അബ്ദുള്ള, പി.പി. അബ്ദുറഹ്മാൻ, അംഗൻവാടി ടീച്ചർ ബിജുന തുടങ്ങിയവർ സംസാരിച്ചു.

