പറപ്പൂർ പഞ്ചായത്ത് വികസന സദസ് നടത്തി
സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് പറപ്പൂർ പഞ്ചായത്ത് വികസന സദസ് നടത്തി. പറപ്പൂർ ഇസ്‌ലാമിയ കോളേജിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾക്ക് വേണ്ടി 2.5 കോടിയിലധികം രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബി.എസ് സജി സ്വാഗതം പറഞ്ഞു.
വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ ടീച്ചർ വികസന പദ്ധതികൾ നടപ്പാക്കിയ രേഖകൾ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ലക്ഷ്മണൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി റസിയ, യു. ഉമൈബ, താഹിറ ടീച്ചർ, വേങ്ങര ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ എം സഫിയ, റിസോഴ്‌സ് പേഴ്സൺ സി.പി പ്രശാന്ത്, ആസൂത്രണ സമിതി ചെയർമാൻ ടി. മൊയ്‌ദീൻ കുട്ടി, വാർഡ് മെമ്പർമാരായ ഇകെ സയ്യിദ് ബിൻ, അബ്ദുൽ കബീർ മാസ്റ്റർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു. ഹരിത കർമസേനാംഗങ്ങൾ, ബഡ്‌സ് സ്കൂൾ, അങ്കണവാടികൾ, എഫ്. എച്ച്.സി സബ് സെന്റർ, ഹോമിയോ ഡിസ്‌പെൻസറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് സ്ഥലം വിട്ടുതന്ന വ്യക്തികളെയും ആദരിച്ചു.

