മലപ്പുറത്ത് അഗ്രി- ബിസിനസ് നെറ്റ് വര്‍ക്കിംഗ് പദ്ധതിയ്ക്ക് തുടക്കം
കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സംരംഭകമേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കാര്‍ഷിക മേഖലയില്‍ കെ.എ ബിസ്നെസ്റ്റ്, കാര്‍ഷിക-ബിസിനസ് നെറ്റ് വര്‍ക്കിംഗ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷനും, കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഐ.ഇ.ഡി ക്ലബ്ബ് ആന്‍ഡ് പ്ലേസ്മെന്റ് സെല്ലും ചേര്‍ന്ന് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജില്‍ നടത്തിയ സംരംഭക മീറ്റും ഉത്പന്ന പ്രദര്‍ശന വിപണനമേളയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐ. റഹ്‌മത്തൂന്നീസ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച 32 സംരംഭകരുടെ വിവിധതരത്തിലുള്ള കാര്‍ഷിക മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണത്തിനുമൊപ്പം സംരംഭവികസന സെമിനാറും നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ടെക്നോളജി ഫെല്ലോ റോണി.കെ.റോയ്, സ്റ്റാര്‍ട്ടപ്പ് സാധ്യതകളെക്കുറിച്ചും സാമ്പത്തിക അനുകൂലങ്ങളെ കുറിച്ചും കുടുംബശ്രീ സംരംഭകര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസെടുത്തു. സംരംഭകര്‍ക്ക് അവരുടെ സംരംഭക യാത്രയിലെ അനുഭവങ്ങളും പാഠങ്ങളും പങ്കുവെക്കാനുള്ള വേദിയും പരിപാടിയിലൊരുക്കി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്റ്റേറ്റ് അഗ്രി പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ ആര്‍. രഗീഷ്, ടി.വി പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം മന്‍ഷൂബ സംസാരിച്ചു.

