ഹരിത കർമ്മസേന യൂസർഫീ ശേഖരണ മികവിന് അവാർഡ് നൽകും
ജൈവമാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുകയും അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേന വഴി ശേഖരിക്കുകയും ചെയ്ത് മാലിന്യ കൂമ്പാരങ്ങളില്ലാത്ത വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യം വലിച്ചെറിയൽ വിമുക്ത കേരളമായി മാറ്റാനുള്ള പരിശ്രമങ്ങൾക്ക് എല്ലാ വകുപ്പുകളും നേതൃത്വം കൊടുക്കണം. എന്റെ മാലിന്യം എന്റെ തന്നെ ഉത്തരവാദിത്തമെന്ന തിരിച്ചറിവോടെ ഉറവിടങ്ങളിൽ തന്നെ ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിക്കണം.
ഹരിത കർമ്മസേന യൂസർഫീ ശേഖരണത്തിലെ മികവിന് കോർപ്പറേഷൻ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ അവാർഡുകൾ നൽകും. ശുചിത്വ കേരളത്തിനായി പ്രവർത്തിക്കുന്ന ഹരിത കർമ്മസേനയെ ശാക്തീകരിക്കുന്നതിനും പൊതുബോധം വളർത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതസഭകളും ജൂൺ അഞ്ചിന് നടക്കും.
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് തദ്ദേശ സ്വയഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ അരുൺ രംഗൻ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ദിദിക സി, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത എൻ കെ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏർണസ്റ്റ് സി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ,വകുപ്പ് മേധാവികൾ, ശുചിത്വമിഷൻ ബ്ലോക്ക് കോർഡിനേറ്റർമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.