ഓസ്കര് 2023: ചരിത്രം; നാട്ടു നാട്ടു മികച്ച ഗാനം
95മാത് ഓസ്കര് വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് പുരസ്കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്കര് നാമനിര്‍ദേശം പുറത്തിറങ്ങിയ നാള് മുതല്‍ ആര്ആര്ആറിലുള്ള പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് നാട്ടു നാട്ടു ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.
ഇരുപത് ട്യൂണുകളില്‍ നിന്നും 'ആര്‍ആര്‍ആര്‍' അണിയറ സംഘം വോട്ടിട്ടാണ് ഇന്ന് ലോകം കേള്‍ക്കുന്ന 'നാട്ടു നാട്ടുവി'ലേക്ക് എത്തിയത്. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന് കാലഭൈരവനും. 90കളില്‍ തെലുങ്ക് സംഗീതജ്ഞന് കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. 'ക്രിമിനല്‍', 'ജിസം', 'സായ', 'സുര്‍', 'മഗധീര', സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മാസ്റ്റര്‍ സംവിധായകന് ഭരതന് പ്രണയത്തിന്റെ 'ദേവരാഗം' തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന 'സൂര്യമാനസ'വും കോട മഞ്ഞിനൊപ്പം 'നീലഗിരി'ക്കുന്നില് പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61-ാം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.