
ഹിമാചൽ പ്രദേശിൽ ഹിമപാതത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം: ഒരാളെ കാണാതായി
ഹിമാചൽ പ്രദേശിൽ പെട്ടെന്നുണ്ടായ ഹിമപാതത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻസിന്റെ രണ്ട് തൊഴിലാളികൾ മരണപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ താപനില വ്യത്യാസപ്പെടുന്നതിനാലും ദൂരക്കാഴ്ച കുറവായതിനാലും നിർത്തിവെക്കുകയായിരുന്നു.
രാം ബുദ്ധ(19), രാകേഷ് എന്നിവരാണ് മരിച്ചത്. കാണാതായത് ഒരു നേപ്പാളി സ്വദേശിയെ ആണെന്നും അധികൃതർ അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടരുമെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ലാഹൗള സബ്ഡിവിഷനിൽനിന്ന് 35 കിലോമീറ്റർ അകലെ ശ്രിന്കുല ചുരത്തിന് സമീപത്തും കഴിഞ്ഞ ദിവസം ഹിമപാതം സംഭവിച്ചിരുന്നു. ഇതിൽ അപകടത്തിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടുകയും ചെയ്തു. ഈ വർഷം ഉത്തരേന്ത്യയിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്.