
കൊള്ള ബജറ്റ്; വി.ഡി.സതീശൻ
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ലെന്നും നികുതി നിര്‍ദേശങ്ങള്‍ ശാസ്ത്രീയവും നീതിയുക്തവുമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
‘‘സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണ്. ബജറ്റിൽ അവതരിപ്പിച്ച 3000 കോടിയുടെ നികുതി വർധനവ് അശാസ്ത്രീയമാണ്’’– അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വി.ഡി.സതീശൻ ആരോപിച്ചു.
ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസ് അംഗീകരിക്കാനാകില്ല. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരേ നയമാണ്. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.