
'ബാലഗോപാൽ എന്നല്ല, നികുതി ഗോപാൽ എന്നാണ് വിളിക്കേണ്ടത്'; എല്ലാ മേഖലയിലും നികുതി ഭാരം; : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്‌ക്കാൻ സർക്കാർ പരാജയപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുകയാണ് പിണറായി സർക്കാരെന്നും ബാലഗോപാൽ എന്നല്ല, നികുതി ഗോപാൽ എന്നാണ് ധമന്ത്രിയെ വിളിക്കേണ്ടതെന്നും സുരേന്ദ്രൻ തുറന്നടിച്ചു. ‘വീടു വെയ്‌ക്കുന്നവർക്ക് അധിക ഭാരം, പാവപ്പെട്ടർവർക്ക് ഭൂമി വാങ്ങുന്നതിന് അധിക ഭാരം, കറന്റ് ചാർജ്, വാഹന നികുതി ഇങ്ങനെ എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്‌ക്കാൻ പല മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ധൂർത്തും അഴിമതിയും നടത്താനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ തുടർന്നു കൊണ്ടു പോകുകയാണ്. പാവപ്പെട്ട ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിച്ച സർക്കാർ, എകെജി മ്യൂസിയത്തിന് 6 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ വർദ്ധപ്പിക്കുന്നതിന് ഒരു ചെറു വിരൽ അനക്കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.’