ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഒരു കൂട്ടം ഫീച്ചറുകള്‍ അവതരിപ്പിച്ചു. പോസ്റ്റുകളും, കമന്റുകളും മറ്റ് ആക്റ്റിവിറ്റികളും എളുപ്പം നീക്കം ചെയ്യുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളാണ് അവതരിപ്പിച്ചത്. സേഫര്‍ ഇന്റര്‍നെറ്റ് ഡേയുടെ ഭാഗമായാണ് പുതിയ സൗകര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
പുതിയ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഒന്നിച്ച് ഒരുപാടെണ്ണം നീക്കം ചെയ്യാനും അക്കൗണ്ടിലെ മുമ്പുള്ള ഇന്ററാക്ഷനുകള് റിവ്യൂ ചെയ്യാനും തീയ്യതി അനുസരിച്ച് ഉള്ളടക്കങ്ങള്‍ തിരയാനും സാധിക്കും. 'യുവര്‍ ആക്റ്റിവ്റ്റി' എന്ന പേരില്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയ പുതിയ സെക്ഷനിലാണ് ഈ സൗകര്യങ്ങളുണ്ടാവുക. അടുത്തിടെ ടേക്ക് എ ബ്രേക്ക് എന്ന പേരില്‍ ഒരു സൗകര്യവും ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
പോസ്റ്റുകള്‍, സ്റ്റോറികള്‍, ഐജിടിവി, റീല്‍സ് എന്നിവയും അവയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍, ലൈക്കുകള്‍, സ്റ്റോറി റിയാക്ഷനുകള്‍ എന്നിവയും ഒന്നിച്ച് ഒരു പാടെണ്ണം നീക്കം ചെയ്യാന്‍ ഇനി സാധിക്കും. ഇവയെല്ലാം തീയ്യതി അനുസരിച്ച് ക്രമീകരിക്കാനുമാവും.
അടുത്തിടെ അര്‍ക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്ത ഉള്ളടക്കങ്ങള്‍, സെര്‍ച്ച് ഹിസ്റ്ററി, സന്ദര്‍ശിച്ച ലിങ്കുകള്‍ എന്നിവയും കാണാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ ഈ സൗകര്യം ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.