ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി അജാസ് പട്ടേല്‍; ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതി ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തം പേരിലാക്കിയത്.
ഇംഗ്ലിഷ് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേല്‍. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്ക് കുടിയേറിയ താരമാണ് അജാസ് പട്ടേല്‍. ജനിച്ച നഗരത്തില്‍ ജന്മനാടിനെതിരെയാണ് ഈ അപൂര്‍വ നേട്ടമെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.