രാജ്യം 5 ജിയിലേക്ക്
ന്യൂഡല്‍ഹി: 2022 പകുതിയോടെ രാജ്യം 5 ജിയിലേക്ക് മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മെയ് മാസങ്ങളിലായി 5 ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
5 ജി മാറ്റത്തെ കുറിച്ച് ട്രായിയുടെ റിപ്പോര്‍ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്പെക്ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
'സ്പെക്ട്രം ലഭ്യതയ്ക്കും അതിന്റെ ക്വാണ്ടത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പ്രതിരോധത്തിനും ഐഎസ്ആര്‍ഒയ്ക്കും ധാരാളം സ്പെക്ട്രം മാറ്റിവെക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നിലവില്‍ 3300-3400 മെഗാഹെര്‍ട്സ് ബാന്‍ഡിലും ഐഎസ്ആര്‍ഒ 3400-3425 മെഗാഹെര്‍ട്സ് ബാന്‍ഡിലുമാണ് സ്പെക്ട്രം കൈവശം വച്ചിരിക്കുന്നത്'- മന്ത്രി വ്യക്തമാക്കി.