കൊറോണയ്ക്കെതിരെ ഗുളിക; മെര്‍ക്കിന്റെ മരുന്നിന് ബ്രിട്ടണില്‍ അനുമതി
ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണക്കെതിരെ മരുന്നിന് അനുമതി നല്കി. ആദ്യമായാണ് ഒരു രാജ്യം കൊറോണക്കെതിരായി ഉത്പാദിപ്പിച്ച ഒരു ഗുളികയ്ക്ക് അംഗീകാരം നല്‍കുന്നത്.
മെര്‍ക്കിന്റെ ആന്റിവൈറല്‍ ഗുളികയായ 'മോണുപിറവിയ' യ്ക്കാണ് അനുമതി. ബ്രിട്ടണിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ)ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന് ഇത് ചരിത്രനിമിഷമാണെന്നാണ് ഗുളിക പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി സജീദ് ജാവിദ് പ്രതികരിച്ചത്. കൊറോണയെ പ്രതിരോധിക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഗുളികയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിലോ മരുന്ന് കഴിക്കാമെന്നാണ് എംഎച്ച്ആര്‍എയുടെ നിര്‍ദേശം. രാജ്യത്ത് മരുന്നുകള്‍ക്ക് അനുമതി നല്കുന്ന സംഘടനയാണ് എംഎച്ച്ആര്‍എ.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മാണ കമ്ബനിയാണ് മെര്‍ക്ക്. യൂറോപ്യന്‍ യൂണിയനിലെയും അമേരിക്കയിലെയും ഡ്രഗ് റെഗുലേറ്ററി സംഘടനകള്‍ മെര്‍ക്കിന്റെ കൊറോണ പ്രതിരോധ ഗുളികയില്‍ പഠനങ്ങളും വിലയിരുത്തലുകളും ആരംഭിച്ചിട്ടുണ്ട്.