ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ്: വനിതാ സിംഗിള്‍സില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍
ഒളിമ്പക്സിൽ വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് മത്സരത്തില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ടേബിള്‍ ടെന്നീസ് താരം ഒളിമ്പക്സിൽ മൂന്നാം റൗണ്ടില്‍ എത്തുന്നത്. രണ്ടാം റൗണ്ട് മത്സരത്തില്‍ ഉക്രൈന് താരമായ മാര്‍ഗരിറ്റ പെസോട്സ്കയെയാണ് ബത്ര പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കിയത്.
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയതോടെ ഏഴ് സെറ്റുകള്‍ക്കൊടുവിലാണ് വിജയിയാരെന്ന് തീരുമാനമായത്. ലോക റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലായിരുന്ന മാര്‍ഗരിറ്റ പെസോട്സ്കയെ 57 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് സെറ്റുകള്‍ സ്വന്തമാക്കിയാണ് ബത്ര വിജയം നേടിയത്. സ്കോര്‍ 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ആദ്യ രണ്ട് സെറ്റുകളിലും ഉക്രൈന് താരത്തിന് മുന്നില്‍ തകര്‍ന്ന താരം മൂന്നാം സെറ്റിലും നാലാം സെറ്റിലും തകര്‍പ്പന്‍ പ്രകടനം നടത്തി മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ചാം സെറ്റില്‍ ഉക്രൈന് താരം വീണ്ടും തിരിച്ചടിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ബത്ര ഒരുക്കമായിരുന്നില്ല. നിര്‍ണായകമായ അവസാന രണ്ട് സെറ്റുകളും സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഇതേ ഇനത്തില്‍ മത്സരിക്കുന്ന സുതീര്‍ത്ഥ മുഖര്‍ജിയുടെ മത്സരം നാളെ നടക്കും. പോര്‍ച്ചുഗലിന്റെ ഫു യുവിനെയാകും സുതീര്‍ത്ഥ മുഖര്‍ജി രണ്ടാം റൗണ്ടില്‍ നേരിടുക.