വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതില്‍ ക്ഷമാപണവുമായി പാര്‍വതി തിരുവോത്ത്
ലൈംഗിക പീഡനാരോപണത്തില്‍ പെട്ട വേടന്റെ (ഹിരണ്‍ദാസ് മുരളിയുടെ) ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പാര്‍വതി തിരുവോത്ത് ഖേദപ്രകടനം നടത്തിയത്. മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ വേടന് നടത്തിയ ക്ഷമാപണ പോസ്റ്റിന് ലൈക്കടിച്ചത് ഇരട്ടത്താപ്പാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തങ്ങള്‍ ചെയ്ത കുറ്റം സമ്മതിക്കാന്‍ പോലും പുരുഷന്മാര് മടിക്കുന്ന സമയത്ത് താന്‍ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് മാപ്പ് ചോദിച്ചതുകൊണ്ടാണ് ഹിരണ്‍ദാസിന്റെ പോസ്റ്റ് താന്‍ ലൈക്ക് ചെയ്തതെന്നും അത് ആഘോഷിക്കപ്പെടേണ്ട കാര്യമല്ല എന്നത് താന്‍ മനസിലാക്കുന്നുണ്ടെന്നും പാര്‍വ്വതി തന്റെ കുറിപ്പ് വഴി പറയുന്നു.
മാപ്പ് നല്‍കാനും ലൈംഗിക പീഡനത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടാനുമുള്ള അവകാശം അതിനെ അതിജീവിച്ചവര്‍ക്ക് മാത്രമാണുള്ളതെന്നും താന്‍ ഇപ്പോള്‍ മനസിലാക്കുന്നതായും പാര്‍വതി വിശദീകരിക്കുന്നുണ്ട്.