അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാന് ബന്ധം; അബ്ദുള്ളക്കുട്ടി
ലക്ഷദ്വീപില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവര്‍ത്തക അയില് സുല്‍ത്താനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. അയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാന് മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
ബിജെപിക്കും എ.പി.അബ്ദുള്ളക്കുട്ടിക്കും എതിരെ അയിഷ സുല്‍ത്താന കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അയിഷ സുല്‍ത്താന പറഞ്ഞത്. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും അയിഷ ആരോപിച്ചിരുന്നു.
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അദ്ധ്യക്ഷന്‍ നല്കിയ പരാതിയിലാണ് കേസ്.