
മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ആറ്റിങ്ങൽ നഗരസഭാ തല ഉദ്ഘാടനം എം.എൽ.എ ഒ എസ് അംബിക നിർവ്വഹിച്ചു
ആറ്റിങ്ങൽ: കാലവർഷക്കെടുതി മൂലം കൊതുക് ജന്യ പകർച്ച വ്യാധികളിൽ നിന്ന് പട്ടണത്തിന്റെ ആരോഗ്യ മേഖലയെ സംരക്ഷിക്കുന്നതിനായാണ് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം നഗരസഭ സംഘടിപ്പിച്ചത്. ഇതിന്റെ നഗരസഭാ തല ഉദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവ്വഹിച്ചു. കൂടാതെ മണ്ഡലത്തിൽ ആദ്യത്തെ പൊതു പരിപാടിയായതിനാൽ കൗൺസിലിനും പട്ടണത്തിലെ പൗരാവലിക്കും വേണ്ടി നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എം.എൽ.എ ഒ.എസ് അംബികയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഈ കൊവിഡ് പ്രതിസന്ധിയിലും ആറ്റിങ്ങൽ നഗരത്തെ രോഗമുക്ത നഗരമായി സംരക്ഷിക്കുന്നതിൽ നഗരസഭയുടെയും കൗൺസിലിന്റെയും ഇത്തരം ഇടപെടലുകൾ ഏറെ മാതൃകാപരമാണെന്ന് എം.എൽ.എ അറിയിച്ചു.
പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനപ്രതിനിനിധികൾ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കി പകർച്ച വ്യാധികളുടെ വാഹകരായ കൊതുകുകളുടെ വാസകേന്ദ്രങ്ങൾ പൂർണമായി നശിപ്പിക്കുന്നതിന് ഈ യജ്ഞം ഏറ്റെടുത്ത് കഴിഞ്ഞെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യ സുധീർ, എസ്.ഷീജ, ഗിരിജ ടീച്ചർ, എ.നജാം, വാർഡ് കൗൺസിലർ ജി.എസ്.ബിനു, കൗൺസിലർമാർ, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.വിശ്വംഭരൻ, അധ്യാപകർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, വോളന്റിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.